".....അന്നൊരു ഞായറാഴ്ചയായിരുന്നു. ധനുമാസത്തിലെ പൌര്‍ണമി ദിവസം. 
അതിരാവിലെ തന്നെ അമ്മയും അനുജത്തിമാരും അയല്‍പക്കത്തുള്ള മറ്റ് സ്ത്രീകളെല്ലാവരും ചേര്‍ന്ന് അടുത്തുള്ള കുളത്തില്‍ കുളികഴിഞ്ഞ് ദേശക്ഷേത്രമായ കല്ലേക്കുളങ്ങര എമൂര്‍ ഭഗവതി (ഹേമാംബിക)ക്ഷേത്രത്തിലും, ഈശ്വരമംഗലം ശിവക്ഷേത്രത്തിലും, ദര്‍ശനം കഴിഞ്ഞു മടങ്ങിവന്നപ്പോഴാണ് ഞാന്‍ ഉണരുന്നത്. അന്നെന്തോ ഒരു ഉണ്മേഷമില്ലായ്മ തോന്നിയെങ്കിലും എഴുന്നേറ്റു. തലേനാള്‍  വളരെ വൈകിയാണ് കിടന്നത് അതിന്റെ ക്ഷീണവും ഉണ്ടായിരുന്നു.

എല്ലാവരും സെറ്റ്സാരിയും ചന്ദനക്കുറിയുമണിഞ്ഞു മുടിയില്‍ തുളസികതിര്‍ ചൂടി നില്‍ക്കുന്നത് കണ്ടപ്പോഴാണ് അന്ന് തിരുവാതിരയാണെന്ന് ഞാനോര്‍ത്തത്. ഞാന്‍ കുളികഴിഞ്ഞ് വരുമ്പോഴേക്കും അച്ഛന്‍ വീടിന് എതിര്‍വശത്തുള്ള ഞങ്ങളുടെ തന്നെ കൃഷിസ്തലത്തെക്ക് പോയിരുന്നു. എല്ലാദിവസവും അതിരാവിലെതന്നെ അച്ഛന്‍ കൃഷിയിടത്ത് പോയി നോക്കിവരാറുണ്ട്. ആയിടെ അച്ഛന്‍ ഒന്ന് വീണ് കാലിന് അല്പം വേദനയുന്ടെങ്കിലും കൂസാതെ നടക്കുമായിരുന്നു. അച്ഛന്‍ അങ്ങിനെയാണ്.   പലകാര്യങ്ങളിലും ആദര്‍ശം മുറുകെപിടിക്കുന്ന,  കൃത്യനിഷ്ടയും തികഞ്ഞ ആത്മവിശ്വാസവും,  ഈശ്വരവിശ്വാസിയുമാണ്. ഞാന്‍ പലകാര്യങ്ങളിലും അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തലേന്നാള്‍ രാത്രിയില്‍ അച്ഛന് ചെറിയതോതില്‍ നെഞ്ചുവേദനയും, ശ്വാസതടസ്സവും നേരിട്ട് രാത്രി തൊട്ടടുത്തുള്ള ആശുപത്രിയില്‍ പോയി മരുന്ന് വാങ്ങി കഴിക്കേണ്ടിവന്നു. വീട്ടില്‍ വന്ന് വിശ്രമിച്ച ശേഷം സമാധാനം ഉണ്ടെന്നും പറഞ്ഞു, അതിനുശേഷമാണ് ഞാന്‍ ഉറങ്ങാന്‍ പോയത്. 

അച്ചനെവിടെയാണെന്ന് അമ്മ അനെഷിക്കുന്നത് കേട്ടൂ. രാവിലെ അമ്മപോലും അറിയാതെയാണ് അച്ഛന്‍ കൃഷിസ്ഥലത്തേക്ക് പോയത്. 
ഞാന്‍ പൂജാമുറിയില്‍ വിളക്ക് വെച്ചു തോഴുതുമ്പോഴും ഒരു വല്ലായ്മ അനുഭവപ്പെടുംപോലെ തോന്നി. 
മന്ത്രജപത്തില്‍ ശ്രദ്ധവരുന്നില്ല. കാരണം കഴിഞ്ഞയാഴ്ച കണ്ട ഒരു സ്വപ്നം മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കുറച്ചുനേരം മാത്രം പൂജാമുറിയില്‍  ഇരുന്ന് പുറത്തെക്കുവന്നു. പൊതുവെ രാവിലത്തെ അനുഷ്ടാനം ശരിയായില്ലെങ്കില്‍ അന്നത്തെ ദിവസം ശുഭമാവാറില്ല.

അന്ന് ഒഴിവുദിനമായതിനാല്‍ രാവിലെ നേരത്തെ തന്നെ ജ്യോതിഷകാര്യങ്ങള്‍ക്കായി ആളുകള്‍ വന്നുതുടങ്ങി. വേഗത്തില്‍ പ്രാതല്‍ കഴിഞ്ഞ് ഓഫീസില്‍ പോയി ജോലി ആരംഭിച്ചു. ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അമ്മ ഓടിവന്ന് എന്നെ വിളിച്ചു. കാര്യം അന്യെഷിച്ചപ്പോള്‍ അച്ഛന് സുഖമില്ലെന്ന് പറയുന്നുണ്ട്... നീ വേഗം ഒരു വണ്ടിവിളിക്ക് ... ഞാന്‍ പോയി നോക്കുമ്പോള്‍ അച്ഛന്‍ വല്ലാതെ വിയര്‍ത്തുകുളിച്ച് ഇരിക്കുന്നു. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്നതുപോലെ തോന്നി. എന്തുപറ്റിയെന്നു ചോദിച്ചു. "പാടത്തുപോയി വരുമ്പോള്‍  ഒരു വല്ലായ്മപോലെ ഉണ്ടായി... വളരെ പെട്ടന്ന് തിരിച്ചുപോന്നു ..." എന്നാണ് പറഞ്ഞത്.

തീരെ വയ്യന്നായപ്പോഴാണ് അമ്മയോട് അച്ഛന്‍ വിവരങ്ങള്‍ പറഞ്ഞിരിക്കുന്നത്. 
ഉടന്‍ തന്നെ ഞാന്‍ ഒരു ഓട്ടോറിക്ഷ വരാന്‍ ഫോണ്‍ വിളിച്ചുപറഞ്ഞു. ജ്യോതിഷ കാര്യങ്ങള്‍ക്കായി വന്നവരോട് വിവരം ധരിപ്പിച്ച് ഇറങ്ങി.
പെട്ടന്ന് മനസ്സിലൂടെ കഴിഞ്ഞയാഴ്ച കണ്ട സ്വപ്നം കടന്നുപോയി... മനസ്സൊന്നു പിടച്ചു. ഒന്നും സംഭവിക്കരുതേ എന്ന് ഈശ്വരോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അതൊരു ദു:സ്വപ്നം തന്നെയായിരുന്നു....
"".....ഞാനും അച്ഛനും കൂടെ ഏതോ ഒരു സ്ഥലത്തുകൂടി നടന്നുപോകുന്നു. അവിടെ ഒരു വെള്ളചാലുണ്ട് അത് കടക്കാനായി കുറുകെ രണ്ടുമരകഷണങ്ങള്‍ വെച്ചിട്ടുണ്ട്, അതിലൂടെ വേണം അപ്പുറത്തെത്താന്‍... മുന്‍പില്‍ അച്ഛന്‍ നടന്നതും മരപ്പാലം  പൊട്ടി അച്ഛന്‍ താഴെ വീഴുന്നു.....
പിന്നീട് കാണുന്നത് .. ഞാന്‍ അച്ചനെ രണ്ടു കൈകൊണ്ടും എടുത്ത് കരഞ്ഞുകൊണ്ട്‌ ഓടുന്നതാണ്... "
വല്ലാത്തൊരു നടുക്കത്തോടെയാണ് അന്ന് ഉണര്‍ന്നത്.

അതിരാവിലെ കണ്ട സ്വപ്നം ഫലിക്കുമെന്ന് പല അനുഭവങ്ങളും ഉണ്ട്, അതുകൊണ്ടുതന്നെ വല്ലാതെ ഒരു ആധി മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ടായിരുന്നു. ഈ സ്വപ്നത്തെക്കുറിച്ച് അമ്മയോട് ഞാന്‍ പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞതും അതെ സ്ഥലത്തല്ലെങ്കിലും സൈക്കിളില്‍ നിന്നും അച്ഛന്‍ വീണ് ഇടതുകാലിന് പരിക്കുപറ്റി. എല്ലിന് പോട്ടലോന്നും ഇല്ല. പക്ഷെ  ബാന്ടെജ് ഇടെണ്ടിവന്നു. വലുത് വരേണ്ടത് ചെറുതായിപ്പോയി എന്ന് അമ്മ അന്ന് പറയുന്നത് കേട്ടൂ. ഞാനും സമാധാനിച്ചു.

ഓട്ടോറിക്ഷ വന്നു.  അച്ഛന്റെ ശ്വാസോചാസത്തിന് ശംബ്ദം കൂടുന്നതുപോലെ തോന്നി. 
വേഗംതന്നെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് പുറപ്പെട്ടു. 
അച്ഛന്‍ നടുക്കും, ഇടതും വലതുമായി  ഞാനും അമ്മയും ഇരുവശങ്ങളിലും ഇരുന്നു.
വേഗം ആശുപത്രിയില്‍ എത്തണമെന്ന് ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു. അദ്ദേഹം സാമാന്യം വേഗത്തിലാണ് ഓട്ടോറിക്ഷ ഓടിച്ചത്. ഒന്നര കിലോമീറ്റല്‍ കഴിഞ്ഞു. അപ്പോഴാണ്‌ ഞങ്ങളുടെ അടുത്തുള്ള നടക്കാവ് റെയില്‍വേ ഗേറ്റ് അടച്ചിരിക്കുന്നത് കാണുന്നത്. സമയം ഉച്ചക്ക് 12:10. 

ഒരു ഗുഡ്സ് വാഗണ്‍ കടന്നുപോകുന്നു. ഗേറ്റ് അടച്ചിട്ട് കുറച്ചുനേരം ആയിക്കാണും.
വാഹനങ്ങളുടെ ഒരു നിരതന്നെയുണ്ട്. മുന്പോട്ട് എടുക്കാനും നിവര്‍ത്തിയില്ല.
അച്ഛന്റെ ശ്വാസോച്ചാസം വര്‍ദ്ധിക്കുന്നതായി തോന്നി. ഒരു നിമിഷം കഴിഞ്ഞുള്ളൂ ശ്വാസം നോര്‍മലായി വന്നുതുടങ്ങി. ഞങ്ങളും സമാധാനിച്ചു. പക്ഷെ അതുവരെ നിവര്‍ന്ന് ഇരുന്നിരുന്ന അച്ഛന്‍ പതുക്കെ അമ്മയുടെ തോളിലേക്ക് ചാഞ്ഞു. ഞാന്‍ അച്ഛന്റെ ഇടതുകയ്യില്‍ പിടിച്ച്കുലുക്കി വിളിച്ചു. കയ്യിന് വല്ലാത്ത തണുപ്പ്. വിളികേട്ടെങ്കിലും അച്ഛന്റെ നോട്ടം തെറ്റുന്നു... മന്സ്സുപിടച്ച്ചു... ഈശ്വരാ ... എന്‍റെ അച്ഛന് ഒന്നും സംഭവിക്കരുതേ ...
അച്ഛാ.. എന്‍റെ ശബ്ദംകേട്ട് എന്നെ നോക്കിയെങ്കിലും ദൃഷ്ടി എന്നിലല്ല. എന്‍റെ കയ്യില്‍ മുറുകെപ്പിടിച്ച്‌ ഒന്ന് അമര്‍ത്തി.... ഒരു നെടുവീര്‍പ്പുകൂടി കേട്ടൂ.. .
അമ്മയുടെ തോളില്‍ എന്നെ നോക്കി കിടന്നു... 

വളരെ ശാന്തമായിരുന്നു മുഖം.
പതുക്കെപ്പതുക്കെ കണ്ണുകള്‍ പാതി അടഞ്ഞുപോയി.

അപ്പോഴേക്കും ട്രെയിന്‍ കടന്നുപോയിരിക്കുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ ഇറങ്ങി മുന്‍പിലുള്ള വാഹനങ്ങളെ മാറ്റിനിര്‍ത്താന്‍ പറയുന്നുണ്ടായിരുന്നു. അവിടെ ഇത് പതിവ് സംഭവമായതിനാല്‍ കാര്യമറിഞ്ഞപ്പോള്‍ എല്ലാവരുംകൂടി വന്ന് ഞങ്ങള്‍ക്ക് കടന്നുപോകുവാന്‍ വഴി ഒരുക്കുന്നത് കണ്ടു. ഗേറ്റ് തുറക്കാനുള്ള മണി മുഴങ്ങി. ഗേറ്റ് തുറന്നു. വേഗം പുതിയപാലത്തിനടുത്തുള്ള സായ് നഴ്സിംഗ് ഹോമിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ ആരും തന്നെ ഹോസ്പിറ്റലിന് മുന്പിലില്ല. ഞാന്‍ ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി ഓടിപ്പോയി
റിസപ്ഷനില്‍ എത്തി. വിവരം പറഞ്ഞു. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിയെ വിളിപ്പിച്ച് സ്ട്രച്ചെര്‍ കൊണ്ടുവരാന്‍ റിസപ്ഷനിസ്റ്റ് പറഞ്ഞു. നോക്കുമ്പോള്‍ അവിടെയെവിടെയും സ്ട്രചെര്‍ ഇല്ല. അത് നടക്കില്ലെന്നു എനിക്ക് തോന്നി.

ഞാന്‍ വേഗം ഓട്ടോറിക്ഷയുടെ അടുക്കല്‍ വന്ന് അച്ഛനെ രണ്ട് കൈകൊണ്ടും തൂക്കിയെടുത്ത് ഹോസ്പിറ്റലിന് അകത്തോട്ട് ഓടി. അപ്പോഴേക്കും സെക്യൂരിറ്റിയും വന്നു പിടിച്ചു. രണ്ടുപേരുംകൂടി അച്ഛനെ എമര്‍ജെന്‍സിയിലേക്ക് കയറ്റി ബെഡില്‍ കിടത്തി. റിസെപ്ഷനിസ്റ്റ് ഡോക്ടറെ ഫോണില്‍ വിളിക്കുന്നത് കേട്ടു. അന്ന് ഞായരാഴ്ചായായതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ മാത്രമേയുള്ളൂ. അതും മൂന്നാം നിലയില്‍. വരാന്‍ അന്ച്ചുമിനിട്ടെടുത്തു. ഒരു ലേഡി ഡോക്ടര്‍ ആയിരുന്നു. വന്ന്‌ പരിശോധിച്ചപ്പോള്‍ പള്‍സ് കുറഞ്ഞിരിക്കുന്നു. ഓക്സിജന്‍ സിലിണ്ടര്‍ എടുത്ത് മൂക്കില്‍ വെച്ചു. പക്ഷെ ശ്വാസം എടുക്കുന്നില്ല. അവര്‍ HRU എടുത്തപ്പോഴേക്കും കറണ്ടുപോയി... സെക്യൂരിറ്റിക്കാരന്‍ ജനറേറ്ററുകള്‍ ഓണ്‍ ചെയ്യാന്‍ ഓടി. കറണ്ടുവന്നു. ലേഡിഡോക്ടര്‍ രണ്ടുമൂന്ന് തവണ HRU  അച്ഛന്റെ നെഞ്ചില്‍ വച്ചെങ്കിലും ഫലം ചെയ്തില്ല. അവര്‍ ബെഡില്‍ കാല്‍മുട്ട്കുത്തി നിന്ന് നെഞ്ചില്‍ ശക്തമായി ആറേഴു തവണ അമര്‍ത്തി. ഫലമുണ്ടായില്ല. എന്നെ നോക്കി പറഞ്ഞു. വൈകിപ്പോയി. ഹാര്‍ട്ട്‌ സറണ്ടര്‍ ആണ്... മൈല്‍ഡ് അറ്റാക്ക്.  സോറി.. അച്ഛന്‍ നിങ്ങളെ വിട്ടുപോയിരിക്കുന്നു. അറിയിക്കേണ്ടവരെ എല്ലാരെയും അറിയിച്ചോളൂ....

ആകെ മരവിച്ചുപോയി. എന്ത് ചെയ്യണമെന്ന് അറിയുന്നില്ല. 
അമ്മ പുറത്തിരിക്കുന്നു. എങ്ങിനെയാണ്‌ അമ്മയോട് പറയുക... അച്ഛാ .. എന്നെ കൈവിട്ടല്ലോ.. 
ഞാന്‍ അമ്മയോട് എന്താ പറയേണ്ടത്.. അനുജത്തിമാരോട് എന്ത് പറയും...  
അല്‍പനേരം അച്ഛനെ കെട്ടിപ്പിടിച്ചു കിടന്നു... അപ്പോഴേക്കും നഴ്സുമാരും ഓട്ടോറിക്ഷാ ഡ്രൈവറും(വിജയന്‍) കൂടി എന്നെ പിടിച്ചുമാറ്റി പുറത്തേക്ക് കൊണ്ടുപോയി അവിടെയുള്ള ചെയറില്‍ ഇരുത്തി. 

അമ്മ ഓടിവന്നു അടുത്തിരുന്നു. 

'എന്തായി മോനെ .. അച്ചനെങ്ങിനെയുണ്ട്‌..? 
ഡോക്ടര്‍ എന്തുപറഞ്ഞു..?
ഞാന്‍ അമ്മയുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു.. അമ്മ വിഷമിക്കരുത്.... മനസ്സുവിടാതെ നോക്കണം... അച്ഛന്‍ നമ്മളില്‍നിന്നും അകന്നുപോയി 

എന്‍റെ നെഞ്ച് ഇടറി..  കണ്ണുനീര്‍ കാഴ്ചകളെ മറച്ചു.

ഓഹ് ഭഗവാനെ .. ഇതിനാണോ ഞാന്‍ ഇന്നു തിരുവാതിര കുളിച്ച് തൊഴുതുവന്നത്....?
അമ്മയുടെ സ്വരം ഇടറിത്തുടങ്ങിയിരുന്നു....!!








  • Madhu Kalarikkel Palakkad


    Write a comment...